നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. നിപയാണോയെന്ന് സ്ഥിരീകരിക്കാന്‍ അതിന് ശേഷമേ കഴിയൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ അത്തരം വെല്ലുവിളി മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് സ്വീകരിക്കുന്നത്. സമ്പർകത്തിലേർപ്പെട്ടവരെ കണ്ടെത്തി റിസ്ക് അനുസരിച്ച് പട്ടികപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍ തന്നെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിപ സംശയിക്കുന്ന നാലുപേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.
ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ പനി കേസും പ്രത്യേകം നിരീക്ഷണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി നാളെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. പനിയ്‌ക്കൊപ്പം തലവേദന, ഛര്‍ദി എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
നിപ്പയാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരികയാണെങ്കില്‍ അത് മുന്‍കൂട്ടി കണ്ടുള്ള മുന്നൊരുക്കപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിപയാണെങ്കില്‍ അതിനനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. നിപയാണെങ്കില്‍ സംസ്ഥാനത്ത് നിലവിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിവ്യക്തമാക്കി. കോഴിക്കോട് സംഭവിച്ച അസ്വഭാവിക പനിമരണങ്ങളുടെ സാഹചര്യം അവലോകനം ചെയ്യാന്‍ കോഴിക്കോട് എത്തിയതായിരുന്നു ആരോഗ്യ മന്ത്രി.