കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 22നാണ് മുഹമ്മദിന് രോഗലക്ഷണങ്ങള്‍ കണ്ടത്. പനി ബാധിച്ച മുഹമ്മദ് പിറ്റേന്ന് വൈകിട്ട് ഏഴുമണിയോടെ തിരുവള്ളൂരിലെ കുടുംബചടങ്ങില്‍ പങ്കെടുത്തു. 25 ന് രാവിലെ 11 മണിയോടെ ഗ്രാമീണ്‍ ബാങ്കിലും തുടര്‍ന്ന് 12.30 ഓടെ കള്ളാട് ജുമാ മസ്ജിദിലും പോയി. പനി കടുത്തതിനെ തുടര്‍ന്ന് 26 ന് കുറ്റ്യാടിയിലെ സ്വകാര്യ ക്ലിനിക്കിലെത്തി ചികിത്സ തേടി. തുടര്‍ന്ന് 28–ാം തിയതി രാത്രി തൊട്ടില്‍പ്പാലത്തെ ആശുപത്രിയിലും ചികിത്സതേടി. പിറ്റേ ദിവസം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 30–ാം തിയതിയോടെ മരിക്കുകയുമായിരുന്നു.
റൂട്ട് മാപില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയങ്ങളിലുണ്ടായിരുന്നവര്‍ സമ്പര്‍ക്ക സാധ്യത സംശയിക്കുന്നുണ്ടെങ്കില്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണമെന്ന് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.