നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സീനിയർ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതിയും സുപ്രീംകോടതിയും പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. സുപ്രീം കോടതി പത്ത് ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കീഴടങ്ങല്‍.
ബുധനാഴ്ച തന്നെ ചോദ്യംചെയ്യൽ പൂർത്തിയാക്കി മനുവിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷയുമായി ആദ്യം മനു ഹൈക്കോടതിയെയാണ് സമീപിച്ചത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇയാൾ കീഴടങ്ങിയില്ല. പിന്നാലെ ഇയാൾ സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ പുത്തൻകുരിശ് ഡിവൈ.എസ്.പി. മനുവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നൽകാനെന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് ഒക്ടോബർ ഒൻപതിനും 10നും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറൽ എസ് പി ക്ക് നൽകിയ പരാതിയിൽ പറയുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പിജി മനുവിനെതിരെ കേസടുത്തത്.