നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ വൻ സ്വർണ വേട്ട. കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെത്തി. ദുബായിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1474 യിൽ കരിപ്പൂർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ടോയ്‌ലറ്റിലെ ഡസ്റ്റ് ബിൻ കാബിനിൽ ഒളിപ്പിച്ച നിലയിൽ ടേപ്പു കൊണ്ട് പൊതിഞ്ഞ 3317 ഗ്രാം ഭാരമുള്ള രണ്ട് സ്വർണ പാക്കറ്റുകൾ കണ്ടെത്തിയത്. 3264 ഗ്രാം ഭാരം ഉള്ള 28 സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഇതിന് രണ്ട് കോടി രൂപ മൂല്യമുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. സ്വർണം കടത്താൻ ശ്രമിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. അന്വേഷണം ആരംഭിച്ചു.
നെടുമ്പാശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ഒരു വിദേശിയിൽ നിന്നും 472 ഗ്രാം സ്വർണവും പിടിച്ചു. പേഴ്സിനുള്ളിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച വിദേശി നെടുമ്പാശേരിയിൽ കസ്റ്റംസ് പിടിയിലായി. ജപ്പാൻ സ്വദേശി ഷിക്കാമ ടാക്കിയോയാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നുമെത്തിയ ഇയാൾ ഗ്രീൻചാനലിലൂടെ കടക്കാൻ ശ്രമച്ചു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഏഴ് ബിസ്കറ്റുകളുടെ രൂപത്തിലുള്ള 472 ഗ്രാം സ്വർണം കണ്ടെത്തിയത്. സ്ക്രീനിങ്ങിൽ തിരിച്ചറിയാതിരിക്കാൻ കറുത്ത നിറമുള്ള കടലാസുകളും മറ്റുമുപയോഗിച്ച് പൊതിഞ്ഞ ശേഷമാണ് തോളിൽ സൂക്ഷിച്ചിരുന്ന ബാഗിലെ പേഴ്സിൽ ഒളിപ്പിച്ചത്.
ഇത്തരത്തിലുള്ള സ്വർണക്കടത്ത് പിടികൂടുന്നതിന് കസ്റ്റംസ് മറ്റ് ഏജൻസികളെയും എയർലൈൻസ് ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രത്യേക പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം 376 കേസുകളിലായി 172.19 കോടിയുടെ സ്വർണക്കടത്താണ് കസ്റ്റംസ് പിടികൂടിയത്.