ഷാര്‍ജ: പന്ത്രണ്ടാമത് രാജ്യാന്തര ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറത്തിന് ഷാര്‍ജയില്‍ സമാപനം. ഇന്നത്തെ വിഭവങ്ങള്‍ നാളത്തെ സമ്പത്ത് എന്ന പ്രമേയത്തിലായിരുന്നു രണ്ട് ദിവസം നീണ്ടു നിന്ന പന്ത്രണ്ടാമത് രാജ്യാന്തര ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറം ഷാര്‍ജയില്‍ നടന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ഷാര്‍ജ ഉപഭരണാധികാരിയും ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ അഹമ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ഐജിസിഎഫ് സംഘടിപ്പിച്ചിരുന്നത്. പന്ത്രണ്ടാമത് രാജ്യാന്തര ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറത്തില്‍ ഇതുവരെയില്ലാത്ത ഒരു പുരസ്‌കാര പ്രഖ്യാപനം നടന്നു. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ, ബഹിരാകാശ നിലയത്തില്‍ ആറ് മാസം ചെലവഴിച്ച് നിരവധി റെക്കോര്‍ഡുകള്‍ നേടിയ സുല്‍ത്താന്‍ അല്‍ നെയാദിനെ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ ആയി പ്രഖ്യാപിച്ചു. ഇതിന് പുറമേ നിരവധി മേഖലകളിലെ പ്രമുഖരേയും അവാര്‍ഡ് നല്‍കി ആദരിച്ചു. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ലോക നേതാക്കളും ചിന്തകരും എഴുത്തുകാരും പ്രഭാഷകരുമടക്കം 250ലേറെ വിദഗ്ധര്‍ പരിപാടിയുടെ ഭാഗമായി. ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ എന്നിവയും ഫോറത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രകൃതി, സംസ്‌കാരം, കല, കായികം, സാങ്കേതിക വിദ്യ എന്നിവയിലും ചര്‍ച്ചയുണ്ടായി. യുഎഇ കാലാവസ്ഥ പരിസ്ഥിതി മന്ത്രി മറിയം ബിന്ദ് മുഹമ്മദ് അല്‍ മഹെരി, അമേരിക്കന്‍ ന്യായാധിപന്‍ ഫ്രാങ്ക് കാപ്രിയോ, മുന്‍ ഈജിപ്ഷ്യന്‍ മന്ത്രി ഡോ.ഒസാമ കമാല്‍ എന്നിവരും മുഖ്യ പ്രഭാഷകരായിരുന്നു.