ദുബൈ: ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി അവസാനിക്കുന്നവര്‍ക്ക് ഇനി ഓഫീസ് കയറിയിറങ്ങി സമയം കളയേണ്ടെന്നാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചത്. പത്ത് മിനിറ്റിനുള്ളില്‍ വെബ്‌സൈറ്റ് വഴിയോ ആര്‍ടിഎ ആപ്ലിക്കേഷന്‍ വഴിയോ വീട്ടിലിരുന്ന് ലൈസന്‍സ് പുതുക്കാന്‍ കഴിയും. ഇതിനായി ആര്‍ടിഎ രജിസ്റ്റര്‍ ചെയ്ത ഒപ്റ്റിക്കല്‍ സ്റ്റോറിലെത്തി നേത്രപരിശോധന നടത്തണം. പഴയ നേത്രപരിശോധന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും ആര്‍ടിഎ അറിയിച്ചിട്ടുണ്ട്. നേത്രപിശോധനാ സര്‍ട്ടിഫിക്കറ്റിന് 140 ദിര്‍ഹം മുതല്‍ 180 ദിര്‍ഹമാണ് നിരക്ക്. ആപ്ലിക്കേഷന്‍ വഴി അപേക്ഷിച്ചാല്‍ ഒരു മിനിറ്റിനുള്ളില്‍ ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഫോണില്‍ ലഭിക്കും. ആര്‍ടിഎ ഉപഭോക്തൃ സേവന കേന്ദ്രമോ കിയോസ്‌കോ സന്ദര്‍ശിച്ചും എളുപ്പത്തില്‍ ലൈസന്‍സ് പുതുക്കാന്‍ കഴിയും. ലൈസന്‍സിന്റെ യഥാര്‍ത്ഥ പകര്‍പ്പ് ലഭിക്കാനായി അധിക സേവന നിരക്കുകള്‍ നല്‍കണം. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനായി ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകള്‍ പൂര്‍ണ്ണമായും അടയ്ക്കണമെന്നും ആര്‍ടിഎ അറിയിച്ചിട്ടുണ്ട്.