പാരിസ് ഒളിമ്പിക്‌സില്‍ പുരുഷ ഹോക്കിയില്‍ വിജയശ്രീ കുറിച്ച് ഇന്ത്യന്‍ ടീം. സ്‌പെയിനെ 2-1 ന് പരാജയപ്പെടുത്തിയ ടീം വെങ്കലം സ്വന്തമാക്കി. പാരസില്‍ ഇത് ഇന്ത്യയുടെ നാലാം മെഡല്‍ നേട്ടമാണ്.ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തില്‍ സ്‌പെയിനെ 2-1ന് തോല്‍പിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. പാരിസില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഒളിംപിക് ചരിത്രത്തിലെ മൂന്നാം വെങ്കലവും. 30, 33 മിനിറ്റുകളില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോളടിച്ചത്. 18-ാം മിനിറ്റില്‍ പെനല്‍റ്റി സ്‌ട്രോക്കില്‍നിന്ന് മാര്‍ക് മിറാലസ് സ്‌പെയിനെ ആദ്യം മുന്നിലെത്തിച്ചു. അമിത് രോഹിന്‍ദാസിന്റെ സ്റ്റിക് ബ്ലോക്കിനെതിരെയാണു നടപടി. സ്‌പെയിന്റെ ഈ നീക്കം തടയാന്‍ ഇന്ത്യന്‍ ഗോളി പി.ആര്‍. ശ്രീജേഷിനും സാധിച്ചില്ല. പി.ആര്‍.ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരമാണ് ഇന്നത്തേത്. സെമിയില്‍ കരുത്തരായ ജര്‍മനിയോടു 2-3നു തോറ്റതോടെയാണ് ഇന്ത്യ 3-ാം സ്ഥാന മത്സരത്തിലേക്കെത്തിയത്. ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വെങ്കലമാണിത്. കഴിഞ്ഞ തവണ ടോക്കിയോയില്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം വെങ്കലം നേടിയിരുന്നു. 1980നു ശേഷം ആദ്യമായിട്ടായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ ഒളിംപിക് മെഡല്‍. വനിതാ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക് പ്രീക്വാര്‍ട്ടറില്‍ തോറ്റു.
യുഎസ്എക്കാരിയായ എതിരാളിയോട് 7- 2നാണ് അന്‍ഷു തോല്‍വി വഴങ്ങിയത്. പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ പ്രീക്വാര്‍ട്ടറില്‍ അമന്‍ സെഹ്‌റാവത്ത് വിജയിച്ചു. മാസിഡോണിയന്‍ താരത്തെ 10- 0നാണ് തോല്‍പ്പിച്ചത്. ഒളിംപിക്‌സില്‍ മെഡല്‍ നിഷേധിച്ചതിനെതിരെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ ലോക കായിക തര്‍ക്കപരിഹാര കോടതി സ്വീകരിച്ചു. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജ്യാന്തര ഒളിംപിക് അസോസിയേഷന്‍ അയോഗ്യയാക്കിയതോടെയാണ് വിനേഷ് ഫോഗട്ട് അപ്പീല്‍ നല്‍കിയത്.