ഹൃദ്രോഗിയായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ മർദ്ദനമേറ്റ അമ്മ മരിച്ചു. ബഹളത്തിനിടയിൽ അവശനിലയിലായിരുന്ന അച്ഛനും മരിച്ചു. പാലക്കാട് കാടാങ്കോട് അയ്യപ്പൻക്കാവ് സ്വദേശികളായ അപ്പുണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകൻ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചികിത്സയിലായിരുന്ന അപ്പുണി ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് കാടാങ്കോട്ടെ വീട്ടിൽ തിരിച്ചെത്തിയത്. ഉച്ചയോടെ വീണ്ടും അവശനായ അപ്പുണിയെ ബന്ധുക്കളുടെ സഹായത്തോടെ യശോദ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ അനൂപ് ഇവരെ മാരകമായി മർദ്ദിച്ചത്. തടയാനെത്തിയ ബന്ധുവിനും മർദ്ദനമേറ്റതായി പരാതിയുണ്ട്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളെയും അനൂപ് മർദ്ദിച്ചു.
പരിക്കേറ്റ യശോദയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയ്ക്കിടെയാണ് അപ്പുണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യപിച്ചെത്തി സ്ഥിരമായി നാട്ടുകാരുമായും, വീട്ടുകാരുമായും പ്രശ്നം ഉണ്ടാക്കുന്ന വ്യക്തിയാണ് അനൂപെന്നാണ് നാട്ടുകാർ പറയുന്നത്. കസബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് അനൂപ്. അപ്പുണ്ണിയുടെയും, യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുകൾക്ക് വിട്ടു നൽകും.