തിരുവല്ല പുളിക്കീഴിൽ ചതുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞു കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ സംശയകരമായ പരിക്കുകളൊന്നും ഇല്ലെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ കൈകാലുകൾ നഷ്ടമായത് നായയുടെ കടിയേറ്റാണെന്നും റിപ്പോർട്ടിൽ വ്യക്തമായ്ക്കുന്നു.
മൂന്ന് മുതൽ അഞ്ച് ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മരിച്ച ശേഷം പെൺകുഞ്ഞിനെ ചതുപ്പിൽ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുളിക്കീഴ് ജംഗ്ഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.
തിരുവല്ല ഡിവൈഎസ്‌പിയുടെ കീഴിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമീപ പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ കുട്ടികളുടെ തിരോധാന കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ പ്രദേശത്തുള്ള നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.