പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റും. എംആര്‍ അജിത് കുമാറിന് എതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണവും പ്രഖ്യാപിച്ചു. പി.വി അന്‍വറുമായുളള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു.സ്വര്‍ണ്ണക്കടത്ത്, കൊലപാതകം,മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ആണ് എംആര്‍ അജിത് കുമാറിന് എതിരെ പി.വി അന്‍വര്‍ ഉന്നയിച്ചത്. പിന്നാലെ ഇന്ന് കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പൊതുവേദിയില്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപിയാണ് എഡിജിപി എം.ആര്‍ അജിത് കുമാറിന് എതിരായ അന്വേഷണം നടത്തുക.
അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആണ് അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനം. എം.ആര്‍ അജിത് കുമാറിന് പകരം ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ്, ജയില്‍ മേധാവി ബല്‍റാം ഉപാധ്യായ എന്നവരെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അജിത്കുമാറിന് എതിരെ ഇന്നും ഗുരുതരമായ ആരോപണവുമായി പി.വി അന്‍വര്‍ രംഗത്ത് എത്തി.സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി എംആര്‍ അജിത് കുമാര്‍ ആഢംബര വീട് നിര്‍മ്മിക്കുന്നു എന്നത് അടക്കം ആണ് ഇന്നത്തെ ആരോപണങ്ങള്‍.
അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കള്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയേക്കും എന്നാണ് സൂചന. പിവി അന്‍വര്‍ ടെലഫോണ്‍ സംഭാഷണം പുറത്ത് വിട്ടതിന് പിന്നാലെ പത്തനംതിട്ട എസ്.പി സുജിത് ദാസിന് എതിരെയും നടപടി സ്വീകരിച്ചു. സര്‍വീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാാണ് സുജിത ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.മലപ്പുറം എസ്പിയായിരിക്കെ ക്യാമ്പ് ഓഫീസില്‍ നിന്നും മരം മുറിച്ചുകടത്തിയെന്ന ആരോപണവും സുജിത് ദാസ് നേരിടുന്നുണ്ട്.