ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ജോർജ് ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി. അതേസമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് പി സി ജോർജ് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചുനാളുകളായി എൻ.ഡി.എ. അനുകൂല നിലപാടുകളായിരുന്നു പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടയുടേത്.ബിജെപി യിൽ ചേരണമെന്ന അനുകൂലമായ നിലപാടാണ് ജനപക്ഷം സംസ്ഥാന നേതൃത്വത്തിൻ്റേത്. ബിജെപിയെ ഇക്കാര്യം അറിയിച്ചു. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ലെന്നും പി സി ജോർജ് പറഞ്ഞു. ‘ജനപക്ഷമില്ലാതാകും. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ല. ബി ജെ പി തീരുമാനിക്കും.’ :പി സി ജോർജ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോർജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താൽപര്യം ജോർജ് അറിയിച്ചപ്പോൾ ലയനമെന്ന നിബന്ധനയാണ് ബിജെപി മുന്നോട്ടുവെച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്‍റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. 2017 ലാണ് സ്വന്തമായി ജനപക്ഷം എന്ന പാർട്ടി രൂപവത്കരിച്ചത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.