രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം. നിയമസഭാ നിയോജക മണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിനു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ ആരംഭിക്കും. കോട്ടയം ബസേലിയോസ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണൽ.
മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ആകെ 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണൽ.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.86 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. മുന്നണികൾ വിജയപ്രതീക്ഷയിൽ തന്നെയാണ്. യുഡിഎഫിനും എല്‍ഡിഎഫിനും വിജയപ്രതീക്ഷയുണ്ട്.