ജിദ്ദ: പുതിയ ഉംറ സീസണിലേക്കുള്ള വീസകള്‍ അനുവദിക്കുന്നത് ആരംഭിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഇന്നലെ മുതലാണ് പുതിയ വീസകള്‍ അനുവദിച്ചു തുടങ്ങിയത്. ഉംറ വീസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് വീസാ കാലാവധിയില്‍ സൗദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ഹജ് സീസണ്‍ അവസാനിച്ച ശേഷം മുഹറം ഒന്നു മുതലാണ് വീസകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷം മുതല്‍ ഹജ് പൂര്‍ത്തിയായാലുടന്‍ വീസ അനുവദിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വകുപ്പുകളുമായും ഏകോപനം നടത്തിയാണ് മന്ത്രാലയം വീസകള്‍ അനുവദിക്കുന്നത്. കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള പദ്ധതി അനുസരിച്ചാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. വിദേശങ്ങളില്‍ നിന്നെത്തിയ ഹജ് തീര്‍ഥാടകരില്‍ ബഹുഭൂരിഭാഗവും ഇനിയും സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടില്ല. ഇതിനു മുമ്പു തന്നെ ഉംറ വീസ അനുവദിക്കുകയാണിപ്പോള്‍. 2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയര്‍ത്താനാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ നിന്ന് 1.35 കോടിയിലേറെ ഉംറ തീര്‍ഥാടകരെത്തിയിരുന്നു.