പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്‌ക്ക് സി. തോമസിനെ പ്രഖ്യാപിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമായത്. പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനം ആരംഭിച്ചു.
പ്രചാരണത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മേൽകൈ നേടാനാണ് ഇടതുമുന്നണിയുടെ ശ്രമം. മുതിർന്ന നേതാക്കളെ തന്നെ നിലവിൽ മണ്ഡലത്തിൽ സജീവമാണ്. രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. 17ന് നാമനിർദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം.
കോട്ടയം മണർകാട് സ്വദേശിയായ ജെയ്‌ക്ക് ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമാണ്. എസ്.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. യുവജനക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 33-കാരനായ ജെയ്‌ക്കിന് പുതുപ്പള്ളിയിൽ ഇത് മൂന്നാമങ്കമാണ്.