പുതുപ്പള്ളിയിൽ വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാരെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചതെന്തിനെന്നും വികസനം ആണ് ചർച്ചയെന്ന് പറഞ്ഞവർ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പുതുപ്പള്ളി പളളിയിലെത്തി പ്രർത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ടുചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് തിരിച്ചത്. പുതുപ്പള്ളി ജോർജിയൻ സ്കൂൾ ബൂത്തിലാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്തത്.
കുടുംബത്തിനൊപ്പമാണ് ചാണ്ടി ഉമ്മന്‍ വോട്ടുചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ ഉമ്മനും സഹോദരിമാരായ മറിയം ഉമ്മനും അച്ചു ഉമ്മനും യു ഡി എഫ് സ്ഥാനാർത്ഥിക്കൊപ്പം വോട്ടുചെയ്യാനെത്തി. വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പുതന്നെ വിവിധ ബൂത്തുകളിൽ ചാണ്ടി സന്ദർശനം നടത്തി. ശേഷം9.30 ഓടെയാണ് ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളില്‍ ചാണ്ടി ഉമ്മന്‍ എത്തിയത്. പിതാവ് ഒപ്പമില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പെന്ന നിലയില്‍ സ്വാഭാവികമായും അതിന്റെ വിഷമമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വളരെ പോസിറ്റീവായ പ്രതികരണമാണ് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നത്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കാനുള്ള ജനങ്ങളുടെ താത്പര്യം ജനാധിപത്യവിശ്വാസികള്‍ക്ക് ആഹ്ലാദം നല്‍കുന്നതാണെന്നും ചാണ്ടി പറഞ്ഞു.