വ്യാജ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. സുരേന്ദ്രന്റെ വീട്ടിൽ വെച്ച് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോൻസണ് വ്യാജപുരാവസ്തുക്കൾ കൈമാറിയ ശില്പി സന്തോഷിനേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തേക്കും.
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസണുമായി വളരെ അടുത്ത ബന്ധം എസ്. സുരേന്ദ്രനും കുടുംബത്തിനും ഉണ്ടായിരുന്നു. ഇവർ തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്
എന്നാണ് പുതിയ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ എസ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തിരുന്നു. പിന്നീട് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ കൂടി പ്രതി ചേർത്തിരുന്നു.
അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് പോയേക്കുമെന്നാണ് വിവരം. ഇത് മുൻകൂട്ടിക്കണ്ട് മുൻകൂർ ജാമ്യത്തിനുള്ള നീക്കം അടക്കം നടത്തുന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് പ്രധാന സാക്ഷിയായി
ആദ്യം ഉണ്ടായിരുന്ന ശില്പി സന്തോഷിനെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു. വ്യാജ പുരാവസ്തുക്കൾ മോൺസന് നൽകിയ വ്യക്തിയാണ് സന്തോഷ്. തട്ടിപ്പിനു കൂട്ടുനിന്നതിനാണ് ഇരുവരെയും പ്രതിചേർത്തത്.
ബിന്ദുലേഖ, മോന്‍സന്‍റെ സെക്രട്ടറിക്കു സമാന ജീവനക്കാരിയായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് മോന്‍സന്‍റെ അക്കൗണ്ടില്‍നിന്നു പണം എത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.