ദുബൈ: പൊതുമാപ്പ് കാലയളവില്‍ സേവനം നടത്തിയ തൊഴിലാളികളെ ആദരിച്ച് ദുബൈ ജിഡിആര്‍എഫ്എ. പൊതുമാപ്പ് സേവനങ്ങള്‍ വേഗത്തിലും കൃത്യതയോടും നടത്തിയ പരിശ്രമത്തിനാണ് ആദരം നല്‍കിയത്. വിവിധ സേവന കേന്ദ്രങ്ങളില്‍ വേഗത്തിലും ലളിതവുമായി സേവനം എത്തിക്കാന്‍ ജീവനക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍നേഴ്‌സ് അഫയേഴ്‌സ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ആദരം നല്‍കിയത്. ദുബൈ ജിഡിആര്‍എഫ്എ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ ജീവനക്കാരെ ആദരിച്ചു. രാജ്യത്ത് നടപ്പിലാക്കിയ പൊതുമാപ്പ് സേവനം രണ്ടര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തിയത്. ദുബൈയില്‍ മാത്രം 2,36,000 ആളുകള്‍ പൊതുമാപ്പ് സേവനം ഉപയോഗിച്ചു. പതിനയ്യായിരത്തിലധികം ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി താമസ രേഖകള്‍ നിയമവിധേയമാക്കിയത്.