വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോളിന് സമയത്ത് ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്ന് പോളിന് വേണ്ട ചികിത്സ ലഭിച്ചില്ലെന്നും പരിക്കേറ്റ പോളിനെ കോഴിക്കോടേക്ക് എത്തിക്കാൻ വൈകിയെന്നും കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.
അതേസമയം, മാനന്തവാടി ആശുപത്രിയില്‍ സാധ്യമായ എല്ലാ ചികില്‍സയും പോളിന് നല്‍കിയിരുന്നുവെന്നും വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. പോളിന്റെ വാരിയെല്ലിന് നിരവധി ഒടിവുകള്‍ സംഭവിച്ചിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍ജറി സാധ്യമാണോ എന്ന് നോക്കിയിരുന്നു. ലിവര്‍ ബ്ലീഡിങ്ങ് ഉണ്ടോ എന്ന് അറിയാനാണ് സി ടി സ്‌കാന്‍ നടത്തിയത്. ബ്ലീഡിങ്ങ് ഉണ്ടായിരുന്നെങ്കില്‍ സര്‍ജറി നടത്താനാണ് തീരുമാനിച്ചിരുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ രാജേഷിനെ നേരിട്ട് വിളിച്ചിരുന്നു. സര്‍ജറി ആവശ്യമാണെങ്കില്‍ ഇപ്പോള്‍ തന്നെ ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ തന്നെ അറിയിച്ചിരുന്നു. വീണ്ടും സിടി സ്‌കാന്‍ ചെയ്തപ്പോള്‍ സര്‍ജറി ഇപ്പോള്‍ വേണ്ട എന്നാണ് മാനന്തവാടിയിലെ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടേക്ക് മാറ്റാൻ തീരുമാനിച്ചത് എന്നും വീണാ ജോർജ് പറഞ്ഞു.