പ്രതിപക്ഷത്തിന് നവകേരള സദസ്സിനോട് പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമം നടത്താനുള്ള മാനസികാവസ്ഥ നേതൃത്വം ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഏതെല്ലാം തരത്തിൽ വർഗീയതയുമായി സമരസപ്പെട്ട് പോകാൻ കഴിയുമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കോൺഗ്രസിനകത്തുണ്ട്. ഇത്തരക്കാർക്ക് എതിരെ നീങ്ങാനുള്ള ശേഷി കോൺഗ്രസിനില്ലെന്നും മുഖ്യമന്ത്രി അരുവിക്കരയിൽ നവകേരള സദസ്സിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന് പുതിയ തലമുറ നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നു. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും നടത്തുന്ന അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നെങ്കിൽ പിന്നീട് ബസിന് നേരെ ഷൂ എറിയുന്ന നിലയിലേക്കെത്തി. പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ ആർക്കും വിദ്വേഷം വരേണ്ട കാര്യങ്ങൾ ഇല്ല. ആ ബോർഡുകൾ തകർക്കുന്നതിലൂടെ തങ്ങൾ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് അവർ നടത്തുന്നത്. ഇത്തരം നിലപാടുകൾ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും പിണറായി പറഞ്ഞു.