ബിജെപിയുമായുള്ള കാൽ നൂറ്റാണ്ട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി. ബി.ജെ.പിയിൽ നിന്ന് ഗൗതമി രാജിവെച്ചു. വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാർട്ടി നേതാക്കൾ സംരക്ഷിക്കുന്നുവെന്നും ഗൗതമി ആരോപിച്ചു. 25 വർഷം മുമ്പാണ് ഗൗതമി ബി.ജെ.പിയിൽ ചേർന്നത്.
20 വർഷം മുമ്പ് തന്റെ വസ്തുക്കളും മറ്റും കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച സി. അഴഗപ്പൻ എന്ന ബിൽഡേഴ്സ് അളകപ്പൻ വിശ്വാസവഞ്ചന നടത്തിയെന്നാണ് ഗൗതമിയുടെ ആരോപണം. സാമ്പത്തികാവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു. അതേത്തുടർന്ന് പവർ ഓഫ് അറ്റോർണി നൽകിയെന്നും എന്നാൽ അളകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ആരോപണം. ഇതിനെതിരെ നിയമപ്പോരാട്ടത്തിനിറങ്ങിയപ്പോൾ പാർട്ടി അഴഗപ്പനൊപ്പം നിൽക്കുകയാണ് ഉണ്ടായതെന്ന് ഗൗതമി പറയുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി രാജപാളയം മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഗൗതമി പറയുന്നു. പാർട്ടി താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതടക്കമുള്ള നടപടികളുമായി താൻ മുന്നോട്ടുപോയി. എന്നാൽ, അവസാനനിമിഷം പാർട്ടി വാക്കുമാറ്റി. എന്നിട്ടും താൻ പാർട്ടിക്ക് ഒപ്പം നിന്നു. എന്നിട്ടും, അഴകപ്പനെ പാർട്ടി സഹായിക്കുന്നുവെന്നും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് 40 ദിവസം കഴിഞ്ഞിട്ടും അയാളെ ഒളിവിൽപോകാൻ സഹായിച്ചുവെന്നും ഗൗതമി ആരോപിക്കുന്നു.
തനിക്ക് മുഖ്യമന്ത്രിയിലും പോലീസിലും നിയമ വ്യവസ്ഥയിലും പ്രതീക്ഷയുണ്ടെന്ന് ഗൗതമി രാജിക്കത്തിൽ പറയുന്നു. നീതിക്കുവേണ്ടിയും മകളുടെ ഭാവിക്കുവേണ്ടിയും, ഏകരക്ഷിതാവെന്ന നിലയിലും ഒറ്റയ്ക്കായ സ്ത്രീയെന്ന നിലയിലുമുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്നും കത്തിൽ ഗൗതമി ചൂണ്ടിക്കാട്ടുന്നു.