പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.
രണ്ട് ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടിയിൽ അംഗനവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗം സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാനെത്തും. പ്രധാനമന്ത്രി വരുമ്പോൾ കള്ളപ്രചരണങ്ങൾ പൊളിയുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് അസ്വസ്ഥത വർദ്ധിക്കുന്നത്. സംസ്ഥാന സർക്കാരിന് ധൂർത്തടിക്കാൻ കേന്ദ്രം പണം കൊടുക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ച ചെയ്യും. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്താൻ തീരുമാനമായിരുന്നു.