സംസ്ഥാനത്ത് മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട , ഇടുക്കി ജില്ലകളിൽ ശക്തമായ മഴക്കുള്ള സാദ്ധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു ന്യൂനമർദമായി മാറിയിട്ടുണ്ട്.
നാളെ രാത്രിവരെ കേരള തീരത്ത് 2.1 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി ശക്തമായ തിരമാലക്ക് സാദ്ധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.