പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് യുഎഇ. ഈ വര്‍ഷം അവസാനത്തോടെ മുഹമ്മദ് അല്‍ മുല്ലയും നോറ അല്‍ മത്രൂഷിയും ദൗത്യം ആരംഭിക്കുമെന്ന് ദുബൈ കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെ പുതിയ ദൗത്യത്തിന് സജ്ജമായിരിക്കുകയാണ് യുഎഇ. ബഹിരാകാശത്ത് പുതിയ നാഴികകല്ലുകള്‍ സൃഷ്ടിക്കാന്‍ മുഹമ്മദ് അല്‍ മുല്ലയും നോറ അല്‍ മത്രൂഷിയും ഈ വര്‍ഷം അവസാനത്തോടെ ദൗത്യം ആരംഭിക്കുമെന്ന് ദുബൈ കിരിടീവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ ഇരുവരും നാസയില്‍ പരിശീലനത്തിലാണ്.
ലോകമെമ്പാടും നടക്കുന്ന മാനവിക പ്രവര്‍ത്തനങ്ങളെയും ശാസ്ത്രീയ ദൗത്യങ്ങളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശ ദൗത്യത്തിന് യുഎഇ സജ്ജമാണെന്ന് ഷെയ്ഖ് ഹംദാന്‍ അറിയിച്ചു. ചാന്ദ്രപര്യവേഷണ പേടകമായ റാഷിദ് റോവര്‍-2 പദ്ധതി തുടരുമെന്നും അടുത്ത വര്‍ഷം അറബ് ലോകത്തെ ഏറ്റവും നൂതന ഉപ്രഹമായ എംബിഇസഡ്- സാറ്റ് വിക്ഷേപിക്കുമെന്നും ഷെയ്‌റ് ഹംദാന്‍ വ്യക്തമാക്കി.