ബഹ്‌റൈനില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താന്‍ നീക്കം. ഇത് സംബന്ധിച്ച ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. നാട്ടിലേക്ക് അയക്കുന്ന തുകയുടെ മൂന്ന് ശതമാനം വരെ നികുതി ചുമത്താനാണ് തീരുമാനം.കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് യോഗം ആണ് നികുതി ബില്ലിന് അംഗീകാരം നല്‍കിയത്. ഇരുനൂറ് ബഹറൈനി ദിനാറില്‍ കുറവാണ് നാട്ടിലേക്ക് അയക്കുന്നതെങ്കില്‍ ഒരു ശതമാനം ആയിരിക്കും നികുതി. 201 ദിനാര്‍ മുതല്‍ നാനൂറ് ദിനാര്‍ വരെ രണ്ട് ശതമാനവും നികുതി ഏര്‍പ്പെടുത്തും.
നാനൂറ് ദിനാറിന് മുകളില്‍ നാട്ടിലേക്ക് അയച്ചാല്‍ മൂന്ന് ശതമാനം ആയിരിക്കും നികുതി. നികുതി ബില്‍ ശൂറ കൗണ്‍സലിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്. ശൂറാ കൗണ്‍സിലിലും നികുതി ബില്ലിന് അംഗീകാരം ലഭിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരും.
ബഹ്‌റൈന്‍ ഭരണകൂടത്തിന് പ്രവാസികള്‍ക്ക് നികുതി ചുമത്തുന്നതിനോട് യോജിപ്പില്ല. എന്നാല്‍ ശൂറ കൗണ്‍സിലിലും ബില്ലിന് അംഗീകാരം ലഭിച്ചാല്‍ സര്‍ക്കാരിന് നടപ്പാക്കേണ്ടിവരും. ബഹ്‌റൈനിലെ മലയാളികള്‍ അടക്കമുള്ളവര്‍ ആശങ്കയോട് കൂടിയാണ് നികുതി ബില്ലിനെ നോക്കി കാണുന്നത്. ബഹ്‌റൈന്‍ ചേംബറും ബഹ്‌റൈന്‍ ബിസിനസ് മെന്‍ അസോസിയേഷനും നികുതി ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്