എയര്‍ലൈനുകള്‍ക്ക് എതിരായ വ്യാജ ബോംബ് ഭീഷണിയില്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ആയ എക്‌സിനെ സമീപിച്ച് നെടുമ്പാശ്ശേരി പൊലീസ്. ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിന് ആണ് പൊലീസിന്റെ ശ്രമം.
ഇന്ത്യയില്‍ എയര്‍ലൈനുകള്‍ക്ക് തുടര്‍ച്ചയായി വ്യാജ ബോംബ് ആക്രമണ ഭീഷണി ലഭിക്കുന്ന പശ്ചാത്തലത്തില്‍ ആണ് നെടുമ്പാശ്ശേരി പൊലീസ്
സമൂഹമാധ്യമമായ എക്‌സിനെ സമീപിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന എയര്‍ലൈനുകള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എയര്‍ലൈനുകളുടെ എക്‌സ് അക്കൗണ്ടുകളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ സാഹചര്യത്തില്‍ ഭീഷണി സന്ദേശം അയച്ച അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുന്നതിന് ആണ് നെടുമ്പാശ്ശേരി പൊലീസ് എക്‌സുമായി ബന്ധപ്പെടുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായും സഹകരിച്ചാണ് ഭീഷണി സന്ദേശം അയച്ചവരെ കണ്ടെത്തുന്നതിന് ശ്രമങ്ങള്‍ നടക്കുന്നത്.കൊച്ചിയില്‍ നിന്നുള്ള എയര്‍ഇന്ത്യയുടെ ലണ്ടന്‍, ബംഗളൂരു, ലക്‌നൗ വിമാനങ്ങള്‍ക്ക് ആണ് ബോംബ് ഭീഷണി ലഭിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ നൂറോളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതില്‍ പലതും ഒരെ ആള്‍ തന്നെയാണ് അയക്കുന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്.