ഷവര്‍മ കഴിച്ച ശേഷം കോട്ടയം സ്വദേശി രാഹുല്‍ മരിച്ച സംഭവത്തിന് പിന്നാലെ അതേ ഹോട്ടലിനെതിരേ കൂടുതല്‍ പരാതികള്‍. കാക്കനാട് ലേ ഹയാത്ത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച പതിനഞ്ച് പേരാണ് ഇതിനോടകം പരാതി നൽകിയിട്ടുള്ളത്. ഷവര്‍മ കഴിച്ചതിന് പിന്നാലെ കടുത്ത പനിയും വയറിളക്കവുമുണ്ടായെന്ന് ഒരു യുവതി കൂടി പരാതിപ്പെട്ടിരിക്കുന്നു. ഭക്ഷണത്തില്‍ ഈച്ചയെ കണ്ടതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നെന്നും ഇവർ പറഞ്ഞു.
അതേസമയം കോട്ടയം സ്വദേശി രാഹുൽ മരിച്ച സംഭവത്തിൽ പരാതിയെ തുടര്‍ന്ന് ഹോട്ടലിനെതിരെ മനഃപൂര്‍വമായ നരഹത്യ വകുപ്പ് ചുമത്തി. തൃക്കാക്കര പൊലീസിന്റേതാണ് നടപടി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു. ഓണ്‍ലൈനായി ഭക്ഷണം വാങ്ങിച്ച് കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ഭക്ഷ്യവിഷബാധയുണ്ടായത് എന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന് പിന്നാലെ ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് പേര്‍ കൂടി ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയിരുന്നു.
അതേസമയം, യുവാവിൻ്റെ മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കാക്കനാട് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബില്‍ നിന്ന് ലഭ്യമായിട്ടില്ല. അണുബാധയെ തുടര്‍ന്ന് രാഹുലിന്റെ അവയവങ്ങള്‍ തകരാറിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി.