കോട്ടയത്ത് മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 29 അഭിഭാഷകർക്കെതിരെയാണ് ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്. ബാർ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
വ്യാജരേഖ ചമച്ച അഭിഭാഷകന്‍ എം.പി നവാബിനെതിരെ നടപടിയെടുത്തതാണ് അഭിഭാഷകരുടെ പ്രകോപനത്തിന് കാരണം. കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ നവാബിനെതിരെ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമായി അഭിഭാഷകർ കോട്ടയം കോടതി കോംപ്ലക്സിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
കേസ് എടുത്തതിൻ്റെ ഭാഗമായി കോടതിയലക്ഷ്യക്കേസിന്റെ പകർപ്പ് കോടതിയലക്ഷ്യ നിയമത്തിലെ വ്യവസ്ഥ പ്രകാരം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പിനു നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് 30-ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക. മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവം നീതിന്യായ സംവിധാനത്തിന് തന്നെ അവമതിപ്പുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി.