മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്നം ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. 1987-ല്‍ മണിരത്നം സംവിധാനം ചെയ്ത ‘നായകനാ’ണ് ഇതിന് മുന്‍പ് മണിരത്നം- കമല്‍ഹാസന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം. ‘നായകനി’ലെ അഭിനയത്തിന് കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് വേഷമിടുന്നത്. ഇതുവരെ പേരിടാത്ത ചിത്രം കെ.എച്ച് 234 എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കമലിന്റെ 234-ാം ചിത്രമാണിത്. തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അദ്ദേഹവും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഇതെക്കുറിച്ച് മണിരത്നം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് കെഎച്ച് 234 നിര്‍മ്മിക്കുന്നത്.