മദ്യപിച്ച് പോലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. വിനായകനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സ്റ്റേഷൻ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകൻ കലൂരിനടുത്തുള്ള ഫ്ലാറ്റിലേക്ക് പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. മുന്‍പും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ ഫ്ലാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഫ്ലാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പോലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തുകയായിരുന്നു.
പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്ന് പോലീസ് പറയുന്നു. അതോടൊപ്പം സ്‌റ്റേഷില്‍ വച്ച് പുകവലിച്ചു. അതിന് പോലീസ് നടനെകൊണ്ട് പിഴയടപ്പിച്ചു. തുടര്‍ന്ന് എസ്.ഐയോട് കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.