ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. എസ്.സി – എസ്.ടി വികസന കോർപറേഷൻ നൽകിയ വായ്പ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാനും കോർപറേഷന് മന്ത്രി നിർദേശം നൽകി. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ കോർപറേഷൻ എംഡിയോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടിയിരുന്നു.
തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിൻ്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പ്രസാദിൻ്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ നിന്ന് ജപ്തി നോട്ടീസ് വന്നത്. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു.
നവംബർ 14 ന് കോർപ്പറേഷനിറക്കിയ നോട്ടീസ് രണ്ട് ദിവസം മുൻപാണ് കുടുംബത്തിന് ലഭിച്ചത്. 2022 ആഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴിൽ വായ്പയായി ഇവർ ലോൺ എടുത്തത്. മന്ത്രി രാധാകൃഷ്ണൻ നിർദേശിച്ചതനുസരിച്ച് കോർപറേഷൻ ആലപ്പുഴ ബ്രാഞ്ചിലെ മാനേജറും ഉദ്യോഗസ്ഥരും പ്രസാദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.