ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിര്‍ദേശം പാലിക്കാത്ത മെഡിക്കല്‍ സ്‌റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും. ഇത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പരും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മരുന്ന് കിട്ടുന്നില്ലെന്നത് മാധ്യമങ്ങളുടെ തെറ്റായ പ്രചാരണമാണെന്നും ഓരോ വർഷവും മരുന്നിനായി ആരോഗ്യവകുപ്പ് ചെലവാക്കുന്ന തുക കൂടുകയാണെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം 155 കോടി രൂപയുടെ അധികമരുന്നാണ് വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം വാങ്ങിയത് 622 കോടിയുടെ മരുന്നായിരുന്നു. ഇതിനുപുറമെ 150 കോടിയുടെ മരുന്നുകൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.നാഷ്ണൽ ഹെൽത്ത് മിഷൻ പദ്ധതിക്കായി കേന്ദ്രഫണ്ട് ലഭിക്കുന്നില്ല. 2023-2024 കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് ലഭിക്കേണ്ട കേന്ദ്രവിഹിതം ഇതുവരെയും കിട്ടിയിട്ടില്ല. ഇക്കാരണത്താൽ എൻ.എച്ച്.എമ്മിന്റെ പ്രവർത്തനങ്ങൾ താളംതെറ്റി. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാനഫണ്ടും ഉപയോഗിച്ചാണ് എൻ.എച്ച്.എമ്മിന്റെ പ്രവർത്തനം. ഈ അനുപാതത്തിൽ വിവിധ പദ്ധതികൾക്കായി കേന്ദ്രം അനുവദിക്കേണ്ടത് 826.2 കോടിരൂപയാണ്. സംസ്ഥാനത്തിന്റെ വിഹിതം 550. 68 കോടിയും. ക്യാഷ് ഗ്രാൻഡായി കേന്ദ്രം അനുവദിക്കുന്നത് 371.20 കോടിയാണ്. നാലുഗഡുവായാണിത് ലഭിക്കേണ്ടത്. മൂന്നുഗഡു അനുവദിക്കേണ്ട സമയം കഴിഞ്ഞെന്നും ഇതുവരെ ഒരുഗഡുപോലും കിട്ടിയിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി ആരോപിച്ചു.
സംസ്ഥാന സർക്കാരിന്റെ വിഹിതം നൽകിക്കഴിഞ്ഞു. ഇത് ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ട് മാസമായി എൻ.എച്ച്.എമ്മിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്. ആശാപ്രവർത്തകർക്കുള്ള ഇൻസന്റീവ്, ആരോഗ്യപ്രവർത്തകരുടെ ശമ്പളം എന്നിവ മുടങ്ങി. കേന്ദ്രവുമായി ആശയവിനിമയം നടത്തിയിരുന്നു. കോ ബ്രാൻഡിങ് എന്ന സാങ്കേതികത്വമാണ് കേന്ദ്രം പറയുന്നത്. ആരോഗ്യ കേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ലോഗോയ്ക്കൊപ്പം കേന്ദ്രത്തിന്റെ ലോഗോയും വെക്കുന്നതാണ് കോ ബ്രാൻഡിങ്. 99ശതമാനം കോ ബ്രാൻഡിങ് പ്രവൃത്തികളും കേരളം പൂർത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും വിഹിതം അനുവദിക്കുന്നില്ല. ആരോഗ്യ കേന്ദ്രങ്ങൾക്ക് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് പേരിടാനുള്ള നിർദേശം പിന്നീട് ഡിസംബറിൽ വന്നു. ഭാഷ, സംസ്കാരം എന്നിവയെ ബാധിക്കുമെന്നതിനാൽ ഇത് അംഗീകരിക്കാൻ കഴിയില്ല. പേര് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്നാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതാവാം തുക അനുവദിക്കാത്തതിനുള്ള കാരണമെന്നും വീണാജോർജ്ജ് വ്യക്തമാക്കി.