ആലപ്പുഴ നൂറനാട് മലകൾ ഇടിച്ച് മണ്ണ് എടുക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മണ്ണെടുപ്പ് നിർത്തിയത്. ഈ മാസം 16 ന് മന്ത്രിമാര്‍ പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം ചേരും. യോഗത്തില്‍ റവന്യൂ, കൃഷി മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. സർവ്വകക്ഷി യോഗം ചേരുന്നതുവരെ മണ്ണെടുപ്പ് നിർത്തിവയ്ക്കണമെന്ന എഡിഎമ്മിന്റെ നിർദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
ഇപ്പോളത്തെ സാഹചര്യത്തിൽ സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാര്‍ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചര്‍ച്ചയ്ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രി പ്രസാദും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സർവകക്ഷി യോഗത്തിലെ തീരുമാനം എതിരാണെങ്കിൽ വീണ്ടും സമരം തുടരുമെന്ന് സമരക്കാർ അറിയിച്ചു.
ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് രണ്ടുദിവസം മുന്‍പ് നിര്‍ത്തിവച്ച മണ്ണെടുപ്പ് ഇന്ന് പുലര്‍ച്ചെയാണ് പുനരാരംഭിച്ചത്. ഇതിനകം പത്തുലോഡ് മണ്ണ് കടത്തി. വന്‍ പൊലീസ് സന്നാഹത്തിലാണ് മണ്ണെടുപ്പ് നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്ത് വൻ സംഘർഷമുണ്ടായിരുന്നു. പൊലീസും നാട്ടുകാരും ഏറ്റുമുട്ടുകയും നിരവധി പേരെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധമായി രംഗത്തെത്തിയത്.