മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കുന്ന കേസിൽ കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി. ബുധനാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിനെ കിഫ്ബി ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഇ ഡി മുൻപ് ആവശ്യപ്പെടുകയും നൽകിയതുമായ രേഖകളാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കിഫ്ബി കോടതിയെ അറിയിച്ചത്.
സമന്‍സില്‍ ഇഡി പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കിഫ്ബി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. നോട്ടീസ് നല്‍കാന്‍ ഇ.ഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. മസാലബോണ്ട് കേസിൽ നേരത്തെ ആവശ്യപ്പെട്ട രേഖകളാണ് ഇ.ഡി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയത്. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി പുതിയ നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകാനായിരുന്നു ഇ ഡിയുടെ ആവശ്യം. സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് ഹാജരാകാനാകില്ല എന്ന് ഐസക് ഇ ഡിയെ അറിയിക്കുകയായിരുന്നു.
സമൻസ് ചോദ്യം ചെയ്ത് ഐസക് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നേരത്തേ നൽകിയ നോട്ടീസ് ഇ ഡി പിൻവലിച്ചിരുന്നു. വ്യക്തിഗതവിവരങ്ങൾ ചോദിച്ച് ഇ ഡി ബുദ്ധിമുട്ടിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു നോട്ടീസ് അയയ്ക്കുന്നത് വിലക്കിയത്. എന്നാൽ അന്വേഷണം തുടരാൻ തടസമില്ലെന്നും പുതിയ നോട്ടീസ് ഇ ഡിക്ക് അയയ്ക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഈ മാസം ഒന്നിനാണ് ഇ ഡി തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് നൽകിയത്. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാതെ കേസിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല എന്നതാണ് ഇ ഡി നിലപാട്.