പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. വിളയില്‍ വത്സലയായിരുന്ന ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍- ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ വി.എം. കുട്ടിയാണ് സംഗീതരംഗത്തേക്ക് കൊണ്ടുവന്നത്. എം.എസ്. വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പി.ടി അബ്ദുറഹ്മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമാണ് ഫസീല ആദ്യമായി പാടിയത്.
കിരികിരി ചെരിപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി… ആമിന ബീവിക്കോമന മോനേ…ഹജ്ജിന്‍റെ രാവില്‍ ഞാന്‍ കഅബം കണ്ടു… തുടങ്ങിയവയൊക്കെ ഫാസീലയുടെ ഹിറ്റ് ഗാനങ്ങളാണ്. ഫോക് ലോര്‍ അക്കാദമി ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരം, മാപ്പിള കലാരത്‌നം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലും പാട്ടുകൾ പാടിയിട്ടുണ്ട്.