എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാസപ്പടിയല്ല എക്സാലോജിക്ക് കമ്പനി കൈപ്പറ്റിയതെന്നും ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേൺ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ക്‌സാലോജിക് കമ്പനി അതിന്റെ ബിസിനസിന്റെ ഭാഗമായി പല സ്ഥാപനങ്ങളുമായും സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ് ബിസിനസ് നടത്തിയിട്ടുണ്ട്. അതിലൊന്നാണ് സിഎംആര്‍എല്‍. സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്‌സാലോജിക്കിനു പ്രതിഫലം ലഭിച്ചിട്ടുള്ളത്. ഇതു സ്രോതസ്സില്‍ ആദായനികുതി കിഴിച്ചും ജിഎസ്ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. എക്‌സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഒരു സംരംഭക, അവര്‍ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ കരാറില്‍ ഏര്‍പ്പെടുകയോ ബിസിനസ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ? ഇവിടെ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പൊതുസേവകന്‍ എന്തെങ്കിലും ഒരു വഴിവിട്ട സഹായം ചെയ്യുകയോ, നിയമപരമായി നിറവേറ്റേണ്ട ഒരു ബാധ്യതയില്‍ വീഴ്ചവരുത്തുകയോ ചെയ്തതായി ഒരു ചുണ്ടനക്കം പരിശോധന നടത്തിയ ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലോ ഇന്ററിം സെറ്റില്‍മെന്റ് സെറ്റില്‍മെന്റ് ഓര്‍ഡറിലോ ഉള്ളതായി പറയാന്‍ കഴിയുമോ എന്നും പിണറായി വിജയൻ ചോദിച്ചു.
ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണെമെന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതാണ്. പ്രഥമദൃഷ്ട്യാ അടിസ്ഥാനമില്ലായെന്ന നിരീക്ഷണത്തിലാണ് കേസ് തള്ളിയത്. ഇതും ഇവിടെ പ്രസക്തമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ പ്രചരണത്തെയുംആരോപണത്തെയും ശക്തിയായി നിഷേധിക്കുകയാണെന്നും പിണറായി പറഞ്ഞു.