വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നത് ജനാധിപത്യ സംവിധാനത്തില്‍ ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ അഴിമതികളുടെയും കേന്ദ്രസ്ഥാനമെന്നും ആരോപണങ്ങള്‍ ഉയരുമ്പോള്‍ മറുപടി പറയാതെ ഓടിയൊളിക്കുന്നത് ശരിയല്ലെന്നും സതീശൻ പുതുപ്പള്ളിയില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആറ് മാസക്കാലത്തിലധികമായി മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടിട്ട്. അദ്ദേഹം ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ്. ഒരു ചോദ്യവും അദ്ദേഹത്തോട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തിൽ ഉത്തരവാദിത്തമുള്ളവരാണ്. മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ലെന്നും അദേഹം പറഞ്ഞു.
മാസപ്പടി ഉള്‍പ്പെടെ സര്‍ക്കാറിനെതിരേ ഉയര്‍ന്നുവന്ന ഗുരുതമായ അഴിമതി ആരോപണങ്ങളും ഭരണപരാജയവും പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കുമെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് രൂക്ഷമായ ധനപ്രതിസന്ധിയാണ്. ഒരു വികസനവും ഇവിടെ നടക്കുന്നില്ല. ശമ്പളം കൊടുക്കല്‍ മാത്രമാണ് സര്‍ക്കാരിന്റെ ജോലി. ഓണക്കാലത്ത് രൂക്ഷമായ വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടുകയാണ്. വൈദ്യുതിച്ചാര്‍ജ്, വെള്ളക്കരം, കെട്ടിടനികുതി, ഇന്ധന സെസ് എന്നിവയെല്ലാം വർധിപ്പിച്ചു. ഇതെല്ലാം പുതുപ്പള്ളിയിൽ ചർച്ചയാകുമെന്നും സതീശൻ പറഞ്ഞു.