സോളാർ കേസുമായി ബന്ധപ്പെട്ട് ലൈംഗികാരോപണം ഉന്നയിച്ച് ഉമ്മന്‍ചാണ്ടിയെ ആക്ഷേപവര്‍ഷങ്ങള്‍ ചൊരിയാന്‍ തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ചവര്‍ മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സോളാര്‍ തട്ടിപ്പുകേസിലെ സിബിഐ കണ്ടത്തലുകളുടെ പശ്ചാത്തലത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചയിലായിരുന്നു ഷാഫി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ്. കേരളത്തിലെ ജനങ്ങളുടെ മുമ്പിൽ സുതാര്യമായ പൊതുജീവിതം നയിച്ച, അവരുടെ മുഴുവൻ വിശ്വാസ്യതയും ആർജിച്ച ഉമ്മൻ ചാണ്ടിക്ക് നേരെ ആക്ഷേപ വർഷങ്ങൾ ചൊരിഞ്ഞവർ മാപ്പ് പറയാതെ കേരളം പൊറുക്കില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നേരിട്ടത് കടുത്ത അവഹേളനമാണ്. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളങ്ങളുടെ പേരിൽ ലോകത്തെവിടെയും കേൾക്കാത്ത ക്രൂരമായ വേട്ടയാടലുകൾക്ക് ഉമ്മൻ ചാണ്ടി ഇരയായി എന്നത് കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത ആരോപണങ്ങളുടെ പേരിൽ നിയമസഭക്കകത്ത് എത്ര വലിയ അവഹേളനമാണ് നേരിടേണ്ടി വന്നതെന്ന് സഭയിലുണ്ടായിരുന്നവർക്ക് ഓർമയുണ്ടാകും. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പോലുള്ളവർ ഏറ്റവും ഹീനമായ തരത്തിൽ അദ്ദേഹത്തെ വ്യക്തിഹത്യ നടത്തി. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനെ ഇല്ലാക്കഥകള്‍ പറഞ്ഞ് വേട്ടയാടിയെന്നും പി സി ജോര്‍ജിനെപ്പോലുള്ള രാഷ്ട്രീയമാലിന്യങ്ങളെ അതിനായി ഉപയോഗിച്ചെന്നും ഷാഫി ആരോപിച്ചു. പച്ചക്കള്ളമാണെന്ന് അറിഞ്ഞിട്ടും ഞാനും എന്നെക്കൊണ്ട് സാധിക്കുന്നത് പോലെ ചെയ്തെന്ന് പിസി ജോര്‍ജ് പിന്നീട് വെളിപ്പെടുത്തി. സൈബര്‍ ലിഞ്ചിങ്ങിന്റെ തുടക്കം സോളര്‍ കേസാണെന്നും ഷാഫി പറഞ്ഞു. ഒരു സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയാണ് സോളര്‍ കേസ് എന്നും കേരളത്തിന്റെ പൊതുസമൂഹം സിപിഐഎമ്മിന് മാപ്പ് നല്‍കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.