ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ പേരെയും ഞായറാഴ്ചയ്ക്ക് മുന്‍പ് മോചിപ്പിക്കണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.ഇല്ലെങ്കില്‍ ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യും എന്നും ട്രംപ് പറഞ്ഞു.എന്നാല്‍ ട്രംപിന്റെ ഭീഷണി ഹമാസ് തള്ളി.
ബന്ദികളുടെ കൈമാറ്റം ഇനിയൊരറിയിപ്പുണ്ടാകും വരെ ഇല്ലെന്ന് ഹമാസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണി.ശനിയാഴ്ച രാത്രി പന്ത്രണ്ടിന് മുന്‍പ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കണം.രണ്ടുംമൂന്നും പേരെ വീതം മോചിപ്പിക്കുന്നത് ഇനി നടക്കില്ല.എല്ലാവരേയും ഒന്നിച്ച് മോചിപ്പിക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടു.ഇല്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ബന്ദി മോചനം ഹമാസ് വൈകിപ്പിക്കുന്നത്.ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇനി പതിനേഴ് ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കേണ്ടത്.ഹമാസിന്റെ നടപടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ആണെന്ന് ഇസ്രയേല്‍ ആരോപിച്ചു.ഗാസയില്‍ ഏത് സഹാചര്യവും നേരിടാന്‍ ഇസ്രയേല്‍ സൈന്യം തയ്യാറെടുക്കുകയാണെന്നും പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.അതെസമയം ഡൊണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രണ്ട് കക്ഷികളും ഒരുപോലെ മാനിക്കേണ്ട ഒരു കരാര്‍ ഉണ്ടെന്ന് ഓര്‍ക്കണം എന്നും ഹമാസ് പ്രതികരിച്ചു.ഭീഷണിയുടെ സ്വരംകൊണ്ട് കാര്യമില്ല.അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കത്തേയുള്ളു എന്നും ഹമാസ് അറിയിച്ചു.