മുസ്ലിം ലീഗിനെ പ്രശംസിച്ച് വീണ്ടും സി.പി.ഐ.എം. കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗെന്ന് കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ അന്തസ്സുള്ള സമീപനമാണ് ലീഗിനെന്നും എ കെ ബാലൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഷ്ട്രീയപാര്‍ട്ടി എന്ന നിലയിൽ ലീഗുമായി അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടതുപക്ഷവും സി.പി.ഐ.എമ്മും സ്വീകരിക്കുന്ന സമീപനത്തോട് അനുകൂലമായ പ്രതികരണമാണ് ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറുള്ളതെന്നും എ കെ ബാലന്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ കോണ്‍ഗ്രസിന്റെ നിലപാടിനോട് ലീഗിന് യോജിപ്പുണ്ടായിരുന്നില്ല. അന്നും സെമിനാറിന് ലീഗിനെ ക്ഷണിച്ചതാണ്. എന്നാൽ യു.ഡി.എഫിലെ ഘടകകക്ഷി എന്ന നിലയില്‍ മുന്നണി തീരുമാനിച്ച കാര്യത്തിനെതിരായി എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനാലാണ് ലീഗ് ആ സെമിനാറില്‍ പങ്കെടുക്കാതിരുന്നത്. ഇന്ന് ആ സമീപനത്തില്‍ നിന്ന് മാറി ശക്തമായ തീരുമാനം അവര്‍ എടുത്തുകഴിഞ്ഞു. ഇത് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എ കെ ബാലൻ പറഞ്ഞു.