രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരം ഇന്ത്യക്ക് ഇന്ന് നിര്‍ണായകമാകും. പരമ്പരയില്‍ 2-0ന് മുന്നിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും തുടര്‍ന്ന ബാറ്റിങ് ക്രമത്തില്‍ തന്നെയാകും ഇന്നും മത്സരത്തിനിറങ്ങുക എന്നാണ് സൂചന. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ശേഷമായിരുന്നു ഇംഗ്ലണ്ട് കീഴടങ്ങിയത്. രണ്ടാം മത്സരത്തില്‍ രണ്ടു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. അതേസമയം ചെറിയ വ്യത്യാസത്തില്‍ നഷ്ടമായ വിജയം മൂന്നാം മത്സരത്തില്‍ നേടി പരമ്പരയിലേക്കു തിരിച്ചെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. ഇന്നത്തെ മത്സരം സഞ്ജു സാംസണ് നിര്‍ണായകമാണ്. ഇംഗ്ലണ്ടിന്റെ പേസര്‍മാര്‍ക്കു മുന്നില്‍ സഞ്ജു സാംസണ്‍ അടിപതറുകയാണെന്ന ആരോപണത്തിന് ശക്തമായ മറുപടി നല്‍കാന്‍ താരത്തിനുള്ള അവസരം കൂടിയാണു ഇന്നത്തെ മത്സരം. ആദ്യ രണ്ടു കളികളിലും രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം കൂടിയായിരുന്ന ജോഫ്ര ആര്‍ച്ചറുടെ പന്തുകളിലാണ് സഞ്ജു ഔട്ടായത്. ആദ്യ മത്സരത്തില്‍ 20 പന്തുകള്‍ നേരിട്ട സഞ്ജു 26 റണ്‍സാണു നേടിയത്. ഒരു സിക്‌സും നാലു ഫോറുകളും അടിച്ച താരം ആര്‍ച്ചറുടെ പന്തില്‍ ഗുസ് അറ്റ്കിന്‍സന്‍ ക്യാച്ചെടുത്ത് പുറത്താകുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഏഴു പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രമാണു സഞ്ജുവിന്റെ സമ്പാദ്യം. ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ബ്രൈഡന്‍ കാഴ്‌സ് ക്യാച്ചെടുത്താണു രണ്ടാം ട്വന്റി20യില്‍ മലയാളി താരം മടങ്ങിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വിശ്വസ്തനായതിനാല്‍ മൂന്നാം മത്സരത്തിലും സഞ്ജുവിന്റെ സ്ഥാനം സുരക്ഷിതമായിരിക്കും. പക്ഷേ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയാല്‍ 4,5 ട്വന്റി20കളില്‍ ടീം മാനേജ്‌മെന്റ് മാറ്റങ്ങള്‍ക്കു മുതിര്‍ന്നേക്കും. യുവതാരം ധ്രുവ് ജുറേലാണു സഞ്ജുവിനു പുറമേ ടീമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.