പാലക്കാട് കഞ്ചിക്കോട്ടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സേലം ആത്തൂർ അമ്മൻപാളയം സെന്തിൽകുമാറിനെ (47) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശുകാരനായ ഖുർഷിത്തിന്റെയും സൽമയുടെയും മകനായ 3 വയസ്സുകാരനെയാണു തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. കുട്ടിയുമായി കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ സെന്തിലിനെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു പിടികൂടി പൊലീസിനു കൈമാറി. മെഡിക്കൽ പരിശോധനയ്ക്കു ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഞ്ചിക്കോട് ഇരുമ്പുരുക്ക് കമ്പനി തൊഴിലാളിയായ ഖുർഷിത്തും കുടുംബവും 10 വർഷത്തോളമായി അതിഥി തൊഴിലാളികളുടെ കോളനിയായ കഞ്ചിക്കോട് കിഴക്കുമുറിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. ഉച്ചയ്ക്കു ശേഷം കിഴക്കുമുറിയിലെത്തിയ സെന്തിൽകുമാർ കുറേനേരം ഇവിടെ തങ്ങി. വീട്ടുമുറ്റത്തു കളിക്കുകയായിരുന്നകുട്ടിക്ക് ആദ്യം ചോക്ലേറ്റ് നൽകി. ആളുകളുടെ ശ്രദ്ധ മാറിയെന്ന് ഉറപ്പാക്കി കുട്ടിയുടെ കൈപിടിച്ചു നടന്നു. സത്രപ്പടിയിലെത്തി ഓട്ടോ പിടിച്ച് കഞ്ചിക്കോടു റെയിൽവേ സ്റ്റേഷനിലേക്കും പോവാൻ ആവശ്യപ്പെട്ടു.
കുട്ടി അതിഥിത്തൊഴിലാളിയുടെ മകനാണെന്നും എന്നാൽ സെന്തിൽകുമാർ തമിഴിലാണു സംസാരിക്കുന്നതെന്നും മനസ്സിലാക്കിസംശയം തോന്നിയ ഓട്ടോ ഡ്രൈവർ ആളുകളെ വിളിച്ചുവരുത്തി പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.