എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ ദില്ലിയില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ട് മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേരളത്തില്‍ നിന്നും സുരേഷ് ഗോപിയും കേന്ദ്രമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും.സര്‍ക്കാര്‍ രുപീകരണത്തിന് മുന്നോടിയായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗം ആണ് നരേന്ദ്രമോദിയെ ഏകകണ്ഠമായി നേതാവായി തെരഞ്ഞെടുത്തത്.
മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിംഗ് ആണ് എന്‍ഡിഎ നേതാവായി നരേന്ദ്രമോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് അംഗങ്ങള്‍ കയ്യടികളോട് കൂടി പിന്തുണയ്ക്കുകയായിരുന്നു. അമിത് ഷായും നിതിന്‍ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിര്‍ദ്ദേശത്തെ പിന്താങ്ങി. ഏകകണ്‌ഠേന നേതാവി തെരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്ന് നരേന്ദ്രമോദി പറഞ്ഞു. എന്‍ഡിഎയ്ക്ക് സഖ്യകക്ഷികളുമായി ഉള്ളത് ഉലയാത്ത ബന്ധം ആണെന്നും സമവായം ഉറപ്പാക്കി മുന്നോട്ട് പോകുമെന്നും നരേന്ദ്രമോദി പറഞ്ഞു. എന്‍ഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും മോദി പറഞ്ഞു.
ദക്ഷിണ ഭാരത്തില്‍ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടിരിക്കുയാണെന്ന് സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തെ പരാമര്‍ശിച്ച് നരേന്ദ്രമോദി പറഞ്ഞു. അതെസമയം കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ അംഗമായ സുരേഷ് ഗോപി മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ ഇടംപിടിക്കും എന്നാം റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ ഒരു രാജ്യസഭാംഗത്വം കൂടി കേരളത്തിന് നല്‍കാന്‍ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുവെന്നാണ് വിവരം. കെ.സുരേന്ദ്രനെയോ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെയോ രാജ്യസഭയില്‍ എത്തിച്ചേക്കും.