രാജ്യത്ത് നാളെ കാലാവസ്ഥ കൂടുതല്‍ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വകാര്യ കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം എന്ന് മാനവവിഭവശേഷി മന്ത്രാലയം. വിദ്യാലയങ്ങള്‍ നാളെ വിദുരപഠനം അനുവദിക്കണം എന്ന് ദുബൈ കെഎച്ച്ഡിഎയും ആവശ്യപ്പെട്ടു.നാളെ അപകടരമായ കാലാവസ്ഥയ്ക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സ്വകാര്യ കമ്പനികള്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ ഇളവ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടത്.
നാളെ വര്‍ക്ക് ഫ്രം ഹോമിന് ജീവനക്കാര്‍ക്ക് അനുമതി നല്‍കണം എന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കമ്പനികള്‍ ഉറപ്പാക്കണം എന്നും മാനവവിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കണം എന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ വിദൂര ജോലി അനുവദിച്ചിട്ടുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും വര്‍ക്ക് ഫ്രം ഹോം ബാധകമാണ്.
നഴ്‌സറികളും സ്വകാര്യസ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടക്കം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ വിദൂരപഠനം അനുവദിക്കണം എന്നും ദുബൈ വിദ്യാഭ്യാസ വകുപ്പും ആവശ്യപ്പെട്ടു. ദുബൈയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നാളെ വിദൂരപഠനം പ്രഖ്യാപിച്ചിട്ടുണ്ട്.