അബുദബി: യുഎഇയില്‍ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുന്ന ആകാശ ടാക്‌സികളുടെ പ്രവര്‍ത്തനക്ഷമത അമേരിക്കന്‍ വ്യോമ സേന പരിശോധിക്കും. ആര്‍ച്ചര്‍ ഏവിയേഷന്‍സ് നിര്‍മ്മിച്ച വാഹനം സേനയ്ക്ക് കൈമാറി. അടുത്ത വര്‍ഷ അവസാനത്തോടെയാണ് യുഎഇയില്‍ ആകാശ ടാക്‌സികള്‍ എത്തുക. വാഹനത്തിന്റെ നിര്‍മ്മാതാക്കളായ ആര്‍ച്ചര്‍ ഏവിയേഷന്‍സിന്റെ മിഡ്‌നൈറ്റ് ഫ്‌ളൈയിംഗ് ടാക്‌സികള്‍ യുഎസ് വ്യോമസേനയ്ക്ക് നല്‍കി. വാഹനത്തിന്റെ സാങ്കേതിക ക്ഷമത സേന പരിശോധിക്കും. വാഹനത്തിന്റെ പരിശോധനയ്ക്ക് യുഎസ് പ്രതിരോധ വകുപ്പ് നേരത്തെ അനുമതി നല്‍കിയിരുന്നു. ടേക്ക് ഓഫ്, ലാന്‍ഡിംഗ്, പ്രവര്‍ത്തന സമയം, ചാര്‍ജിംഗ്, ശബ്ദ പരിധി എന്നിവ വിശദമായി പരിശോധിക്കും. വിവിധ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചായിരിക്കും പരിശോധ നടത്തുക. മിഡ്‌നൈറ്റ് ഫ്‌ളൈയിംഗ് ടാക്‌സികളുടെ സാധ്യതകള്‍ ഭാവിയില്‍ യുഎസിന്റെ പ്രതിരോധ സേനയില്‍ ഇടം പിടിക്കുമെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍ സിഇഒ ആദം ഗോള്‍ഡ്‌സ്‌റ്റൈന്‍ പറഞ്ഞു. എയര്‍ടാക്‌സികള്‍ നിര്‍മ്മിക്കുന്നതിനും യുഎസില്‍ ആസ്ഥാനം സ്ഥാപിക്കുന്നതിനുമായി അബുദബി ഇന്‍വെസ്റ്റ് ഓഫീസുമായി ഈ വര്‍ഷം ആദ്യം ആര്‍ച്ചര്‍ ഏവിയേഷന്‍സ് കരാറില്‍ ഒപ്പുവെച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ടുകളും അനുബന്ധ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെയാകും ആകാശ ടാക്‌സികളുടെ സര്‍വ്വീസ് ആരംഭിക്കുക എന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍സ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ നിഖില്‍ ഗോയല്‍ അറിയിച്ചു.