യുഎഇയിലും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണ്ണവില. ഒരു ദിവസത്തിനിടയില്‍ മാത്രം ഗ്രാമിന് മൂന്ന് ദിര്‍ഹത്തില്‍ അധികമാണ് ഉയര്‍ന്നത്. ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 276.25 ദിര്‍ഹം ആയിട്ടാണ് ഉയര്‍ന്നത്ആ ഗോളതലത്തില്‍ വന്‍വര്‍ദ്ധനയാണ് സ്വര്‍ണ്ണവിലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തരവിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 2480 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. മെയ് ഇരുപതിന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയ്ക്കും മുകളിലേക്കാണ് ഇന്ന് സ്വര്‍ണ്ണം ഉയര്‍ന്നത്.
ഒരു ദിവസത്തിനിടയില്‍ മാത്രം ഒരൗണ്‍സ് സ്വര്‍ണ്ണത്തിന് അന്‍പത് ഡോളറില്‍ അധികമാണ് കൂടിയത്.യുഎഇ വിപണിയില്‍ ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്റെ വില 299.25 ദിര്‍ഹമായി ഉയര്‍ന്നു. ഇരുപത്തിയൊന്ന് ക്യാരറ്റിന് ഗ്രാമിന് ഇന്ന് 268.25 ദിര്‍ഹം ആണ് വില.
അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കുന്നതിന് ഇനി അധികം കാത്തിരിക്കില്ലെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്വര്‍ണ്ണിവിലയില്‍ വീണ്ടും കുതിപ്പ് ആരംഭിച്ചത്.
വിലക്കയറ്റം രണ്ട് ശതമാനത്തിലേക്ക് എത്തുന്നത് വരെ പലിശനിരക്ക് കുറയ്ക്കാന്‍ കാത്തിരിക്കേണ്ടതില്ലെന്നാണ് ജെറോ പവലിന്റെ പ്രസ്താവന. പലിശനിരക്ക് കുറച്ചാല്‍ സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.