യുഎഇ വ്യാപകമായി കനത്തയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും.
അസ്ഥിരകാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്ത് റെഡ്-ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കനത്ത മഴയെ തടുര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് നിരവധി സ്ഥലങ്ങളില്‍ ഗതാഗതതടസ്സം സൃഷ്ടിച്ചു.ശക്തി കുറഞ്ഞെങ്കിലും വൈകിട്ട് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നത്.
ഇന്ന് പുലര്‍ച്ചെ മുതല്‍ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. രാവിലെ ഒന്‍പത് വരെ ദുബൈ അബുദബി റാസല്‍ഖൈമ,ഫുജൈറ,ഷാര്‍ജ എമിറേറ്റുകളുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടു. യുഎഇ ആഭ്യന്തര മന്ത്രാലയവും വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകളും മൊബൈല്‍ ഫോണുകളിലൂടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. റാസല്‍ഖൈമയിലും ഫുജൈറയിലും താഴ്‌വാരങ്ങളില്‍ മഴവെള്ളപ്പാച്ചിലും രൂപ്പെട്ടു.അലൈനിലും അബുദബി മറ്റ് ചില ഭാഗങ്ങളിലും ആലിപ്പഴ വര്‍ഷവും ഉണ്ടായി. മഞ്ഞ് വീഴ്ച്ചയ്ക്ക് സമാനമായ കാഴ്ച്ചയാണ് ആലിപ്പഴ വര്‍ഷം സൃഷ്ടിച്ചത്. രാജ്യവ്യാപകമായി നിരവധി റോഡുകളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്കുള്ള പാതകളിലെ ഗതാഗതത്തേയും കനത്ത മഴ ബാധിച്ചു. ഇത്തിഹാദ് റോഡിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും ഗതാഗതം മന്ദഗതിയിലായി.അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് ഭൂരിഭാഗം സ്വകാര്യകമ്പനികളും ജീവനക്കാര്‍ക്ക് ഇന്ന് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ദുബൈയിലും ഷാര്‍ജയിലും സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ ഇന്ന് വിദൂരപഠനം ഏര്‍പ്പെടുത്തി. അസ്ഥിരകാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ റെഡ് ഓറഞ്ച് അലര്‍ട്ടുകളും രാജ്യവ്യാപകമായി യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ നാളെ ഉച്ചക്ക് പന്ത്രണ്ട് വരെ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.