യുഎഇയില്‍ ടെലിമാര്‍ക്കറ്റിംഗ് നിയമങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു.വ്യക്തികള്‍ക്ക് ശല്ല്യമുണ്ടാക്കും വിധം മാര്‍ക്കറ്റിംഗ് കോളുകള്‍ അനുവദിക്കില്ല. നിബന്ധനകള്‍ക്ക് ലംഘിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനാനുമതി തന്നെ റദ്ദാക്കും.കനത്ത പിഴയും ലഭിക്കും.ഫോണ്‍കോളുകള്‍ വഴിയുള്ള മാര്‍ക്കറ്റിംഗിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് യുഎഇ.ഒരു കമ്പനിക്ക് ടെലിമാര്‍ക്കറ്റിംഗ് നടത്തണം എങ്കില്‍ ഇനി മുതല്‍ പ്രത്യേക അനുമതി നേടണം.പുതിയ നിയമപ്രകാരം വ്യക്തികളുടെ പേരിലുള്ള ഫോണ്‍ നമ്പറുകളില്‍ നിന്നും മാര്‍ക്കറ്റിംഗ് കോളുകള്‍ പാടില്ല. കമ്പനികളുടെ പേരില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറുകളില്‍ നിന്നുമാത്രമേ മാര്‍ക്കറ്റിംഗ് കോളുകള്‍ അനുവദിക്കു.
ആദ്യത്തെ ഫോണ്‍ കോളില്‍ ഉപയോക്താവ് താത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ വീണ്ടും വിളിക്കാന്‍ പാടില്ല.കോള്‍ എടുത്താലും ഇല്ലെങ്കിലും ഒരു ദിവസം ഒരു കോള്‍ മാത്രമേ പാടുള്ളുവെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ബന്ധപ്പെട്ട അതോറിട്ടിയില്‍ പരാതി സമര്‍പ്പിക്കുന്നതിനും അവകാശം ഉണ്ടായിരിക്കും.നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് ഒന്നരലക്ഷം ദിര്‍ഹം വരെയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ കമ്പനിയുടെ ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടും. ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിച്ഛേദിക്കുന്നത് അടക്കമുള്ള ശിക്ഷകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.