യുഎഇയില്‍ ടെലി മാര്‍ക്കറ്റിംഗിന് ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങള്‍ ഓഗസ്റ്റ് 27ന് പ്രാബല്യത്തില്‍ വരും. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് പിഴകള്‍ ഗണ്യമായി വര്‍ദ്ധിക്കും. ഈ വര്‍ഷം ജൂണിലാണ് ടെലിമാര്‍ക്കറ്റിംഗിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ നിയമം പ്രഖ്യാപിച്ചത്.രാജ്യത്തെ ടെലിമാര്‍ക്കറ്റിംഗ് രീതികള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതിരിക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വിവിധ നിയമലംഘനങ്ങള്‍ക്ക് അയ്യായിരം മുതല്‍ ഒന്നരലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. അനുമതിയില്ലാതെ ടെലിമാര്‍ക്കറ്റിംഗ് പരിശീലനം നല്‍കിയാല്‍ അമ്പതിനായിരം ദിര്‍ഹമാണ് പിഴ.
പെരുമാറ്റ ചട്ടം പാലിക്കാത്ത കമ്പനികള്‍ക്ക് പതിനായിരം മുതല്‍ അമ്പതിനായിരം ദിര്‍ഹം വരെയും പിഴ ചുമത്തും. കമ്പനിയുടെ വാണിജ്യ ലൈലന്‍സിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത നമ്പറുകള്‍ ഉപയോഗിച്ചാല്‍ 75,000 ദിര്‍ഹം വരെയാണ് പിഴ. സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് കോളുകള്‍ രജിസ്റ്ററായി സൂക്ഷിച്ചില്ലെങ്കില്‍ അമ്പതിനായിരം ദിര്‍ഹം പിഴ ലഭിക്കും. കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപഭോക്താവിന്റെ അനുമതി വാങ്ങണം. നിയമം ലംഘിച്ചാല്‍ മുപ്പതിനായിരം ദിര്‍ഹം വരെയാണ് പിഴ. വിളിക്കുന്നതിന്റെ ഉദ്ദേശ്യം, കമ്പനി എന്നിവ തുടക്കത്തില്‍ തന്നെ ഉപഭോക്താവിനെ അറിയിച്ചില്ലെങ്കില്‍ മുപ്പതിനായിരം ദിര്‍ഹമാണ് പിഴ. ഫോണ്‍ നമ്പര്‍ ലഭിച്ച ഉറവിടം ഉപഭോക്താവ് ആവശ്യപ്പെട്ടിട്ടും വ്യക്തമാക്കിയില്ലെങ്കില്‍ 75,000 ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.
രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ മാത്രമായിരിക്കും ഉപഭോക്താക്കളെ വിളിക്കുന്നതിന് അനുമതി. ആദ്യ കോളില്‍ സേവനങ്ങള്‍ നിരസിച്ചാല്‍ ആവര്‍ത്തിച്ച് വിളിക്കാന്‍ പാടില്ല. ഇത് ലംഘിച്ചാല്‍ അമ്പതിനായിരം ദിര്‍ഹം വരെ പിഴ ലഭിക്കും. സമ്മതമില്ലാതെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുകയോ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്താല്‍ ഒന്നര ലക്ഷം ദിര്‍ഹം വരെയാണ് പിഴ. മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കായി സ്വകാര്യ നമ്പറുകള്‍ ഉപയോഗിച്ചാലും പിഴ ലഭിക്കും. ആവര്‍ത്തിച്ചുള്ള നിയമലംഘങ്ങള്‍ക്ക് അയ്യായിരം മുതല്‍ ഇരുപതിനായിരം വരെ വ്യക്തികള്‍ക്ക് പിഴ ഈടാക്കും. വിവിധ നിയമലംഘങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴതുക ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.