അബുദബി: തൊഴില്‍ സംബന്ധിച്ച പരാതികള്‍ക്കും സേവനങ്ങള്‍ക്കുമായി വീഡിയോകോള്‍ സംവിധാനവുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയാണ് സേവനം ലഭ്യമാകുക. വാട്‌സ്ആപ് നമ്പര്‍ വഴിയും പരാതികള്‍ അറിയിക്കുന്നതിനും സംവിധാനമുണ്ട്. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പുതിയ സംവിധാനം നടപ്പിലാക്കുന്നത്. എം.ഒ.എച്ച്.ആര്‍.ഇ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഡൗണ്‍ലേഡ് ചെയ്താണ് സേവനം ഉപയോഗിക്കേണ്ടത്. ആപ്ലിക്കേഷനിലെ സപ്പോര്‍ട്ട് ബട്ടണില്‍ ക്ലിക് ചെയ്താല്‍ ഏറ്റവും ഒടുവിലായി വീഡിയോ കോള്‍ സൗകര്യം ലഭിക്കും. ഇതിലൂടെ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ കഴിയും. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ 3 മണി വരെയും വെള്ളി ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയുമാണ് സേവനം ഉപയോഗിക്കാന്‍ കഴിയുക. തൊഴിലുടമയ്ക്കും മന്ത്രാലയത്തിന്റെ സേവനങ്ങളെ സംബന്ധിച്ച് സംശങ്ങള്‍ക്ക് വീഡിയോ കോള്‍ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. തൊഴിലാളികളുടെയും തൊഴിലുടമയുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പുതിയ സേവനം രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കസ്റ്റമര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ അലിലി പറഞ്ഞു. മന്ത്രാലയത്തിന്റെ വാട്‌സ്ആപ്പ് നമ്പറായ 600590000 നമ്പറില്‍ ലഭിക്കുന്ന സേവനങ്ങള്‍ തുടരും.