യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി കുറച്ച നിയമം ഈ മാസം 29ന് പ്രാബല്യത്തില്‍ വരും. പ്രായപരിധി 18 ല്‍ നിന്നും 17 യാണ് കുറച്ചത്. ഗവണ്‍മെന്റ് പ്രഖ്യാപിച്ച പുതിയ ഗതാഗത നിയമത്തിലാണ് പ്രായപരിധിയില്‍ മാറ്റം വരുത്തിയത്.
2024 ഒക്ടോബറിലായിരുന്നു യുഎഇയില്‍ പരിഷ്‌കരിച്ച ഗതാഗത നിയമം പ്രഖ്യാപിച്ചത്. പുതിയ നിയമലത്തിലാണ് യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി പതിനെട്ട് വയസില്‍ നിന്നും പതിനേഴായി കുറച്ചത്. ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ ആണ് ആദ്യമായി ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായപരിധി കുറച്ചത്. പതിനേഴ് വയസ് പൂര്‍ത്തിയായാല്‍ ഫോര്‍ വീലര്‍ ലൈസന്‍സിന് അപേക്ഷിക്കാം. മാര്‍ച്ച് 29 ന് പുതിയ നിയമം പ്രാബല്യത്തില്‍ വരും. രാജ്യത്ത് നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുക.
ഇതോടൊപ്പം രാജ്യത്ത് വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങള്‍ക്ക് വന്‍ തുക പിഴയും തടവും ശിക്ഷ ലഭിക്കും. വിവിധ നിയമലംഘനങ്ങള്‍ക്ക് അമ്പതിനായിരം ദിര്‍ഹം വരെയാണ് പിഴ.